കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ഉണ്ടായ സംഭവത്തിൽ പ്രദേശത്തെ ജനങ്ങളിൽ ആശങ്ക. ഇന്ന് രാവിലെ ഉണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്മോളജി സെന്റര്‍. ഭൂകമ്പമാപിനിയില്‍ ഇതുവരെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍ അറിയിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത് ഭൂചലനമല്ലെന്നും പ്രകമ്പനമാകാമെന്നുമാണ് മറ്റു ഏജന്‍സികള്‍ നല്കുന്ന സ്ഥിരീകരണം. നിലവില്‍ ഭൂകമ്പ സൂചനകള്‍ ഒന്നും തന്നെ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി, പാടിപ്പറമ്പ്, മാളിക, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല ഭാഗത്ത് മേല്‍മുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, ചെന്നലായ്കവല , അമ്പലവയല്‍ വില്ലേജിലെ ആര്.എ.ആര്.എസ്, മാങ്കോമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് എന്നിവിടങ്ങളിലാണ് ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടത്. ഇന്നു രാവിലെ 10.15 ഓടെയാണ് സംഭവം. തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി.
പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. ബത്തേരി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ മാറ്റിപ്പാർപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുക. നിലവിൽ നാശനഷ്ടങ്ങളൊന്നുമില്ല. പ്രദേശത്തെ ചില വിദ്യാലയങ്ങൾക്ക് ഇന്ന് അവധി നൽകി.