തിരുവനന്തപുരം: ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍ വരും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ എസ്എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രിയെ കാണുന്നത് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിന് വിവിധ മേഖലകളിലുള്ളവരുമായി ഈ മാസം 21-ന് ചര്‍ച്ച നടത്തും. പോക്സോ കേസെടുത്തതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്ത ഡിഡിഇമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



