ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി 27 പേർ മരിച്ചു. അരുണാചൽപ്രദേശിൽ ഒമ്പത് പേരും, മേഘാലയയിൽ ആറു പേരും, അസമിലും മിസോറാമിലും അഞ്ച് പേർ വീതവും, ത്രിപുരയിലും നാഗാലാൻഡിലും ഒരാൾ വീതവുമാണ് മരിച്ചത്. അതേസമയം മിസോറാമിൽ 113 ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാൽ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദീതീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മേഘാലയയിൽ ദേശീയപാതയുടെ ഭാഗങ്ങൾ ഒലിച്ചുപോയി. ഇതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദേശം നൽകി. മൺസൂൺ ശക്തമായതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സാധാരണയിലും അധികം മഴയാണ് ലഭിക്കുന്നത്. അസം-ത്രിപുര-മേഘാലയടക്കമുള്ള സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.



