ഒട്ടാവ: കാനഡയുടെ പൗരത്വ വാരം ആഘോഷം നടന്നു കൊണ്ടിരിക്കുകയാണ്. മെയ് 26 ന് ആരംഭിച്ച് ജൂൺ 1 വരെ നീണ്ടുനിൽക്കുന്നതാണ് ആഘോഷ പരിപാടികൾ. ഇതിനിടെ ചർച്ചയാകുന്നത് കാനഡയിലേക്ക് കുടിയേറിയവരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ടുകളാണ്. 2024-ൽ ആകെ 3.74 ലക്ഷം വിദേശ പൗരന്മാർക്കാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. ഇതിൽ ഇതിൽ 23% പേർ ഇന്ത്യാക്കാരാണ്. അതായത് ആകെ 87,812 ഇന്ത്യക്കാർക്കാണ് പൗരത്വം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023 ൽ 78,714 ഇന്ത്യക്കാരാണ് കനേഡിയൻ പൗരത്വം നേടിയത്. ഈ കണക്കനുസരിച്ച് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോൺ സംഭാഷണം നടത്തി. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും ഹൈക്കമ്മീഷണർമാരെ പുനസ്ഥാപിച്ചേക്കും. എന്നാൽ, ജി ഏഴ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡ ക്ഷണിക്കുമോ എന്ന് വ്യക്തമല്ല. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും കേന്ദ്രീകരിച്ചായിരുന്നു സംഭാഷണം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൻ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തുവെന്നും വിദേശ കാര്യമന്ത്രിയെ അഭിനന്ദിച്ചുവെന്നും ജയശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. സംഭാഷണത്തെ അനിതാ ആനന്ദും സ്വാഗതം ചെയ്തു.



