സ്കൂളുകളിൽ സമഗ്രഗുണമേന്മാ വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും ജൂൺ മൂന്ന് മുതൽ 13 വരെ ഉള്ള ദിവസങ്ങളിൽ ഈ പ്രവർത്തനം സ്കൂളുകളിൽ നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ വച്ച് തന്നെ നേടി എന്ന് ഉറപ്പാക്കുക സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമാണെന്നും ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളിൽ ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദിവസം ഒരു മണിക്കൂറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കേണ്ടത്. നാടകം, സെമിനാര്‍ എന്നിവ നടക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണ്ണമാക്കുന്നതിനുള്ള സമയം നല്‍കണം. ബാക്കി സമയമെല്ലാം സാധാരണ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്.