ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാര്‍ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തി സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടിയെ അതിശയകരമായ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. നൂറിലേറെ ഭീകരരെവധിച്ചതായും സൈന്യം വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, 1960 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.