മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണിൽ സംസാരിച്ചെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും. എന്നാൽ എന്നാകും പുടിന്‍റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പുടിൻ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഹീനമായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.