ദില്ലി: വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ പൂര്‍ണമായും ചെറുത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. എന്നാൽ ഈ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചതായി ഇന്ത്യ ഔദ്യോഗികകമായി സ്ഥിരീകരിച്ചു. ഇതിന് പുറമെ പാകിസ്ഥാനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന മിസൈൽ പ്രതിരോരോധ സംവിധാനം ഉൾപ്പെടെ നിരവധി പാക് പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സായുധ സേന ആക്രമിച്ച് നിര്‍വീര്യമാക്കിയതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നൽകുന്ന വിവരം അനുസരിച്ച്, ഇന്നലെ രാത്രി വൈകിയും വ്യാഴാഴ്ച പുലർച്ചെയുമായി പാകിസ്ഥാൻ ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി. ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഡ് എന്നിവയും ആക്രമണത്തിൽ ലക്ഷ്യംവച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ ശൃംഖല ആക്രമണം പരാജയപ്പെടുത്തി.



