കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോൾ താൽക്കാലികമായാണ് ജോലി നൽകുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് സ്ഥിരപ്പെടുത്തും.
അതേസമയം അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി. മുഖ്യമന്ത്രിക്കായി കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
അര്‍ജുനായുള്ള തിരച്ചില്‍ വേഗത്തില്‍ പുനരാരംഭിക്കണമെനന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അര്‍ജുനെയും ലോറിയും കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.



