പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും നിരോധിച്ചു. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും അടിയന്തര പ്രാബല്യത്തോടെയാണ് വിലക്കിയിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ഇളവുകൾക്ക് കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.
പാകിസ്ഥാനിലേക്കുള്ള പാഴ്സൽ സർവീസുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു. അന്താരാഷ്ട്ര തലത്തിലും പാകിസ്ഥാനെതിരെ കൂടുതല്‍ നീക്കങ്ങൾ ഇന്ത്യ നടത്തിയേക്കും. അതേസമയം ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചു. ഭീകരർക്ക് പിന്തുണ നൽകുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മോദി ഇന്ത്യ സന്ദർശനം നടത്തിയ അങ്കോള പ്രസിഡന്റ് ജോവോ ലോറൻ കോയിക്കൊപ്പം ദില്ലിയിൽ നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ഭീകരതക്കെതിരെ അങ്കോള നൽകിയ പിന്തുണയെയും നരേന്ദ്രമോദി പരാമർശിച്ചു.
ഇന്ത്യ നടപടികൾ ശക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. 450 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈൽ ഉപരിതലത്തിൽ നിന്നും വിജയകരമായി പരീക്ഷണം പൂർത്തിയായതായി പാകിസ്ഥാൻ അറിയിച്ചു. തുടർച്ചയായ ഒമ്പതാം ദിവസവും പാകിസ്ഥാൻ പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന് നേരേയുള്ള പ്രകോപനം തുടരുകയാണ്.