ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഘട്ട പോളിങ് അവസാനിച്ചപ്പോള്‍ ഏകദേശം 18 മില്യണ്‍ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 40 ലക്ഷം പേർ കഴിഞ്ഞ ദിവസം പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ആൻ്റണി ആൽബനീസ് നയിക്കുന്ന സഖ്യവും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും തമ്മിലാണ് മത്സരം നടക്കുന്നത്. ഇക്കുറി ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് മുൻപ് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ നേരിയ ഭൂരിപക്ഷം ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് ഉണ്ടെന്നും ഇതിനിടെ പുറത്തുവന്ന ചില അഭിപ്രായ സർവേകളില്‍ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയിലെ പ്രതിനിധി സഭയിൽ 150 അംഗങ്ങളാണുള്ളത്. മൂന്ന് വർഷത്തെ കാലാവധിക്കാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഭൂരിപക്ഷം നേടുന്നതിനും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനും ഒരു പാർട്ടിയോ സഖ്യമോ കുറഞ്ഞത് 76 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്. അടുത്തിടെ നടന്ന പാർലമെന്റ് പിരിച്ചുവിടുന്നതിന് മുമ്പ്, പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടി 77 സീറ്റുകളാണ് നിയന്ത്രിച്ചിരുന്നത്. അതേസമയം ലിബറൽ പാർട്ടി സഖ്യത്തിന് 53 അംഗങ്ങളുണ്ടായിരുന്നു. ബാക്കിയുള്ള സീറ്റുകൾ മറ്റ് ന്യൂനപക്ഷ പാർട്ടികളും സ്വതന്ത്രരുമാണ് നിയന്ത്രിച്ചത്. ഓസ്‌ട്രേലിയയുടെ ദ്വിസഭ പാർലമെന്റിലും 76 സെനറ്റർമാരുണ്ട്.
18 വയസിന് മുകളിലുള്ള എല്ലാ ഓസ്ട്രേലിയൻ പൗരന്മാരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണം എന്നാണ് നിര്‍ദേശം. അല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. ഇക്കുറി ഏകദേശം 1.8 കോടി പേർ വോട്ട് രേഖപ്പെടുത്താനായി രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്.