കേരളത്തിലെ കൃഷിയിടങ്ങൾ കീഴടക്കി, പടർന്ന് പന്തലിക്കുന്ന വിദേശ പഴവർഗവിളയാണ് ഡ്രാഗൺ ഫ്രൂട്ട്. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ഇനമാണ് ഡ്രാഗൺ ഫ്രൂട്ടിൽ പ്രധാനം. കാഴ്ചയിലുള്ള ഭംഗിയ്ക്ക് പുറമെ നിരവധി പോഷകങ്ങൾ ഈ പഴത്തിനുണ്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഉള്ള ഇനങ്ങൾ കാണപ്പെടുന്നു. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കള്ളിമുൾച്ചെടി പോലെ പടർന്നു കയറി വളരുന്ന ഈ ചെടിയുടെ സ്വദേശം മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇന്ത്യ, ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കൃഷിചെയ്ത് വരുന്നു.
മലയാളക്കരയിൽ അരുവിത്തുറ വല്ലൃച്ചൻ മലയിൽ വൃവസായിക കൃഷി നടത്തി വരുന്ന പഴവർഗ ഇനങ്ങളുടെ കർഷകനാണ് വെള്ളുക്കുന്നേൽ ജോഷി ജോസഫ്. നിലവിൽ രണ്ടായിരത്തിൽ പരം ഡ്രാഗൺ ചെടികളിൽനിന്ന് പ്രതിവർഷം ശരാശരി പന്ത്രണ്ട് ടൺ പഴങ്ങളാണ് ലഭിക്കുന്നത്. മികച്ച ലാഭം ലഭിക്കുന്ന ഈ പഴവർഗവിളയുടെ പതിനായിരത്തിലേറെ തൈകളാണ് ഇപ്പോൾ പാട്ടത്തിന് ഭൂമിയെടുത്ത് നട്ടിരിക്കുന്നത്.
പ്രത്യേക പരിചരണങ്ങളും വളപ്രയോഗവും ആവശൃമില്ലാത്ത ഒരു കാർഷിക വിള. തൈകൾ നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കും. അഞ്ച് അടി ഉയരമുള്ള പ്രത്യേക കോൺക്രീറ്റ് പോസ്റ്റുകൾ എട്ട് അടി അകലത്തിൽ നിരയായി കുഴിച്ചിട്ട് ഗുജറാത്ത് ഫാമിംഗ് രീതിയിൽ ആണ് പുതിയ കൃഷി. പോസ്റ്റുകളിൽ ഉറപ്പിക്കുന്ന കമ്പികൾ തമ്മിൽ അഴ പോലെ നാല് നിര കമ്പികൾ വലിച്ച് കെട്ടി അതിന്റെ മുകളിൽ കൂടി താഴേക്ക് വളർന്ന് വരുന്ന രീതി. നിരകളുടെ ഇടയിലൂടെ നടന്ന് പരിചരിക്കാനും വിളവെടുപ്പ് നടത്താനും കഴിയും.
ഓരോ പോസ്റ്റിനും ചുവട്ടിൽ നാല് തൈകൾ നടുന്നു. വെള്ളക്കെട്ട് ഇല്ലാത്ത നല്ല നീർവാഴ്ചയുള്ള സ്ഥലങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. വർഷത്തിൽ മൂന്ന് തവണ കംബോസ്റ്റ് വളങ്ങളും ചാണകവും നൽകിയാൽ വളർച്ചയും മികച്ച വിളവും ലഭിക്കും. 250 ഗ്രാം മുതൽ 400 ഗ്രാം വരെ തൂക്കമുള്ള കായകൾ ലഭിക്കുന്നതിന് വളപ്രയോഗം സഹായിക്കും. നേരിട്ടുള്ള സൂരൃപ്രകാശവും വേനൽക്കാലത്ത് മിതമായ നനയും ആവശൃമാണ്. എന്നാൽ ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത നല്ല ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായിവളരും എന്നതാണ്.
മനോഹരവും ആകർഷകമായ പൂക്കളാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കുള്ളത്. ഈ പൂക്കൾ രാത്രിയിൽ വിടരുകയും രാവിലെ ചുരുങ്ങാൻ തുടങ്ങുകയും ചെയ്യും, അതിനാൽ പ്രകൃതിദത്ത പരാഗണങ്ങളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ജീവികളിലൂടെയാണ് കൂടുതൽ പരാഗണം നടക്കുന്നത്, കൂടാതെ അതിരാവിലെ എത്തുന്ന തേനീച്ചകളും മറ്റും പരാഗണം നടത്തും. അവ പലപ്പോഴും വിജയകരമാകണമെന്നില്ല. ചില ഇനങ്ങൾക്ക് സ്വയം പരാഗണം നടത്താൻ കഴിവുണ്ട്. അതിനാൽ കൂടുതൽ വിളവെടുപ്പ് നടത്താൻ കർഷകർ കൈകൊണ്ട് പരാഗണം നടത്താറുണ്ട്. പ്രകൃതിദത്ത പരാഗണങ്ങൾ സാധ്യമല്ലാത്ത പൂവിനെ പരാഗണത്തിനായി ചില സഹായം ആവശ്യമായി വരും. അതിന് ഒരു പൂവിൽ നിന്ന് പൂംപൊടി ശേഖരിച്ച് മറ്റ് പുവുകളിൽ ഇട്ട് കൊടുത്താൽ മതി. നമ്മുടെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന ഭൂരിഭാഗവും സ്വയം പരാഗണം ചെയ്യുന്ന ഇനങ്ങളാണ്. കൃഷിയിടങ്ങളിൽ തേനീച്ചകൾ കൂടുതൽ ഉണ്ടങ്കിൽ വിളവ് വർദ്ധിക്കും.
വല്ലൃച്ചൻ മലയിൽ ലാഭകരമല്ലാത്ത റബ്ബർ നശിച്ചാണ് 2012 ൽ പഴവർഗകൃഷി ആരംഭിക്കുന്നത്. മികച്ച വിളവെടുപ്പ് നടത്താൻ കഴിയുന്ന 350 റംബൂട്ടാൻ മരങ്ങളും കംബോഡിയ ഇനത്തിൽ പെട്ട 325 ൽ പരം പ്ലാവുകളും മാങ്കോസ്റ്റിന്റെ 160 മരങ്ങളും പുലാസാൻ ഉൾപ്പെടെയുള്ള നിരവധി പഴച്ചെടികളും ഈ കൃഷിയിടത്തിൽ ഉണ്ട്. ഏകദേശം രണ്ട് കോടിയോളം വരുമാനം ഉണ്ടെങ്കിലും പകുതിയിലേറെ കൃഷി ചെലവുകൾക്കാകും. കർഷകരുടെ ആവശ്യം അനുസരിച്ച് ഫലവൃക്ഷങ്ങളുടെയും ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെയും തൈകൾ ഉല്പാദിപ്പിച്ച് നൽകുന്നുണ്ട്.



