ഇസ്രായേലിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ജറുസലേമിൽ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമിന്‍റെ പ്രാന്തപ്രദേശങ്ങളിൽ പടർന്നു പിടിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെറും 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആൾക്കാരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്.
തീ അണയ്ക്കാൻ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച ഇസ്രായേൽ അധികാരികൾ ദുരന്തത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് അഗ്നിബാധയുണ്ടായത്.
160-ലധികം അഗ്നിശമന സേന യൂണിറ്റുകളും ദുരന്ത നിവാരണ സേനയും തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്. ഡസൻ കണക്കിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നുപിടിച്ചേക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3000 ഏക്കറിലധികം ഭൂമിയാണ് തീപിടിച്ചിരിക്കുന്നത്.