കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66-ന്റെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ബാലുശ്ശേരി മണ്ഡലത്തിലെ മുണ്ടോത്ത്-തെരുവത്ത്കടവ് റോഡിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ മുടങ്ങിക്കിടന്ന 45 മീറ്റർ ആറുവരിപ്പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം, ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ മലയോര ഹൈവേയിലൂടെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമാകുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി-കക്കാടംപൊയിൽ 35 കിലോമീറ്റർ റോഡ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ജില്ലയിലെ മറ്റ് ആറ് റീച്ചുകളിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു.



