ടീച്ചർ എജുകേറ്റർമാരൂടെ ഇൻ്റേൺഷിപ്പിന് മാർഗരേഖ തയാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആർടി തയ്യാറാക്കിയ മാർഗരേഖ സർക്കാരിന് സമർപ്പിച്ചു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അധ്യാപക വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിന് അക്കാദമിക മാർഗരേഖ വികസിപ്പിച്ചത്. ഒരു സ്കൂളിലേക്ക് തന്നെ എല്ലാ വർഷവും ടീച്ചർ എജുകേറ്റർമാരെ ഇൻ്റേൺഷിപ്പിന് അയക്കരുത്, ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം ഇന്റേൺഷിപ്പ് നടത്തുന്നവരുടെ എണ്ണം. ഒരു ഡിവിഷൻ മാത്രമുള്ള സ്കൂളിൽ ഇന്റേൺഷിപ്പ് പാടില്ല തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാർഗ രേഖയിലെ പ്രധാന നിർദ്ദേശങ്ങൾ. ഇതിനൊപ്പം, ഇൻ്റേൺഷിപ്പുകാർ വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ സ്ഥിരം അധ്യാപകർ ക്ലാസിൽ ഉണ്ടാകണമെന്ന നിർദ്ദേശവും മാർഗരേഖ മുന്നോട്ട് വെക്കുന്നുണ്ട്. സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇൻ്റേൺഷിപ്പിന് അക്കാദമിക മാർഗരേഖ വികസിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്റേൺഷിപ്പ് നിരീക്ഷിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ഡിഇഒമാർക്കുമായി പോർട്ടൽ തയ്യാറാക്കും. കൈറ്റിനാണ് ഇതിൻ്റെ ചുമതല. ഇതിനൊപ്പം ഈ വർഷം ഡിഎൽഎഡ്, ബിഎഡ് കേന്ദ്രങ്ങളിലെ അധ്യാപകർക്ക് പരിഷ്കരിച്ച പാഠപുസ്തകങ്ങളും പരീക്ഷാ രീതിയും പരിചയപ്പെടുത്തുന്നതിന് പരിശീലനവും നൽകും. മെയ് മാസത്തിലാകും ഈ പരിശീലനം.