‘ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്നും വിപുലമായ കര്‍മപദ്ധതികള്‍ക്കാണ് സംസ്ഥാനം രൂപം നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ യുദ്ധത്തിൽ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ വേണം. മയക്കുമരുന്ന് ഓരോ കുടുംബങ്ങളേയും നശിപ്പിക്കുകയാണ്. ലഹരി വ്യാപനം കൂടിയതോടെ ആത്മഹത്യകള്‍ വര്‍ധിച്ചു. സിന്തറ്റിക് ലഹരിയുടെ വര്‍ധന കൂടുതല്‍ ഗൗരവം ഉള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം തടയാന്‍ ഇന്നും വകുപ്പ് തല യോഗം ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ചെയ്യുന്നത് ഇന്നത്തെ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ വിപുലമായ കര്‍മപദ്ധതികള്‍ ഉണ്ടാകും. ഓപ്പറേഷന്‍ ഡി ഹണ്ട് കൂടാതെ ഡ്രഗ് ഇന്റലിജന്‍സ് ഉണ്ടാകും. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരിക്കും ടീമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 ല്‍ 27,528 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല്‍പ്പത്തിയഞ്ച് കോടി വിലയുള്ള മയക്കുമരുന്ന് പിടിച്ചു. ഈ വര്‍ഷം ഇതുവരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികളുടെ പ്രത്യേക പട്ടിക തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശികള്‍ ഉള്‍പ്പെട്ട കേസുകളില്‍ എംബസികളുമായി ചേര്‍ന്നാണ് അന്വേഷണം നടക്കുന്നത്. ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രത്തില്‍ പരിശോധന നടത്തി. അത് രാജ്യശ്രദ്ധ നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.