Saturday, April 19, 2025
No menu items!
Homeവാർത്തകൾകേരള ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു

കേരള ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കുക, കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. ഇതുവരെ കണ്ടെത്തി ഉപയോഗിക്കാത്ത സമുദ്ര സാധ്യതകള്‍ ടൂറിസ്റ്റുകള്‍ക്കായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസം നയത്തിന് അന്തിമരൂപം നല്‍കി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂയിസ് റൂട്ടുകള്‍ ആരംഭിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് വിനോദസഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാകും നല്‍കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരട് ക്രൂയിസ് ടൂറിസം നയത്തിന് അനുമതി ലഭിച്ചേക്കും. ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസത്തില്‍ നിന്ന് അനുഭവവേദ്യമായ ടൂറിസത്തിലേക്ക് കേരളം മാറുകയാണെന്ന് ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘മറ്റ് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നും ടൂറിസം രംഗത്ത് കേരളം കടുത്ത മത്സരം നേരിടുന്നു. നമുക്കുള്ളതെല്ലാം അവരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ളതും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്‍കുക ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.കേരള മാരിടൈം ബോര്‍ഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളില്‍ ക്രൂയിസ് ഓപ്പറേഷന്‍സ് ആരംഭിക്കാനാണ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്ന സാഹചര്യത്തില്‍ ക്രൂയിസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.

വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍, നീണ്ടകര, കായംകുളം എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതി. സര്‍ക്കാര്‍ നയത്തിന് അംഗീകാരം നല്‍കിയാല്‍, ക്രൂയിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം രംഗത്ത് വലിയ സാധ്യതകളുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാ ആഡംബര സൗകര്യങ്ങളുള്ള, വ്യത്യസ്ത ഇരിപ്പിട ശേഷിയുള്ള കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ബംഗലൂരു, ഗോവ എന്നിവ ബന്ധിപ്പിച്ചുള്ള അന്തര്‍ സംസ്ഥാന, അല്ലെങ്കില്‍ അന്തര്‍ ജില്ല റൂട്ടുകളില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് എന്‍ എസ് പിള്ള പറഞ്ഞു. കൊച്ചിയില്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് ക്രൂയിസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ക്രൂയിസ് നയത്തിലൂടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകുമെന്നും എന്‍എസ് പിള്ള കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments