തിരുവനന്തപുരം: നികുതിയടയ്ക്കാതെയും പെര്‍മിറ്റില്ലാതെയും അതിര്‍ത്തികടക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം വരുന്നു. 20 മോട്ടോര്‍വാഹന ചെക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥവിന്യാസത്തിന് പകരമാണിത്. ചെക് പോസ്റ്റുകളിലെ ചരക്ക്-സേവന വകുപ്പിന്റെ നിരീക്ഷണക്യാമറകളില്‍ പതിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്വേറിലേക്ക് തത്സമയം കൈമാറി വാഹനരേഖകള്‍ പരിശോധിക്കുന്ന സംവിധാനമാണ് തയ്യാറാകുന്നത്.
ചെക് പോസ്റ്റില്‍നിന്നുള്ള ചിത്രങ്ങളില്‍നിന്ന് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ ശേഖരിച്ച് ‘വാഹന്‍’ ഡേറ്റാബേസുമായി ഒത്തുനോക്കാനുള്ള സോഫ്റ്റ്വേര്‍ പരീക്ഷണത്തിലാണ്. നികുതിയടയ്ക്കാത്ത വാഹനങ്ങള്‍ അതിര്‍ത്തികടന്നാല്‍ വഴിയിലുള്ള വാഹനപരിശോധനാസംഘത്തിന് ഉടന്‍ സന്ദേശം ലഭിക്കുന്നവിധമാണ് ക്രമീകരണം. ചരക്കുവാഹനങ്ങള്‍ക്ക് ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ വാഹനത്തിന്റെ യാത്ര നിരീക്ഷിക്കാനാകും. സംസ്ഥാനത്തുനിന്ന് പുറത്തേക്കുപോകുന്നതിനു മുന്‍പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് വാഹനം പിടികൂടി പിഴയീടാക്കാം. ഓണ്‍ലൈനായിട്ടും പിഴ ചുമത്താം. ചെക് പോസ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനും അഴിമതിയില്ലാതാക്കാനും കഴിയുന്ന സംവിധാനമാണിത്.