ചേർത്തല നഗരസഭയിൽ മനോഹരമായ ഒരു കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റ്
മാലിന്യ നിർമ്മാർജ്ജനത്തിൽ കേരളം ഏറെ മുന്നോട്ട് പോയെങ്കിലും വലിയ വെല്ലുവിളിയായി നിൽക്കുന്നത് കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്ക്കരണമാണ്.കേരളത്തിലെ കിണർ വെള്ളത്തിന്റെ ഏറ്റവും വലിയ പ്രശ്നം വർധിച്ചുവരുന്ന E -Coli ആണ്. കക്കൂസ് മാലിന്യത്തിന്റെ സംസ്കരണമാണ് ഇവിടെ ഏറ്റവും വലിയ കാരണം എന്നാൽ ഇതിനുവേണ്ട സംസ്കരണ സംവിധാനമായ FSTP സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന എതിർപ്പുകളാണ് എവിടെയും പ്രധാന തടസ്സം ഇവിടെയാണ് ചേർത്തല നഗരസഭ വ്യത്യസ്തമാകുന്നത്.
മാർച്ച് 28 ന് ഏഷ്യയിലെ തന്നെ ആദ്യത്തെ സോളാറിൽ പ്രവർത്തിക്കുന്ന 250 കെഎൽഡി ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റ് ചേർത്തലയിൽ പ്രവർത്തന സജ്ജമായി. 2018- 19 കാലത്ത് ആരംഭിച്ചതാണ് ചേർത്തല എഫ്എസ്ടിപി നിർമ്മാണം സംബന്ധിച്ച നടപടികൾ.നഗരസഭയുടെ കൈവശത്തിലുള്ള ചേർത്തല KVM ആശുപത്രിക്ക് സമീപമുള്ള തണ്ണീർമുക്കം ആനയറ വെളിയിലെ ശ്മശാന ഭൂമിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻ്റ് ആരംഭിക്കുന്നതിന് അന്നത്തെ ഭരണസമിതി തീരുമാനം എടുക്കുന്നു. ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ സഹായത്തോടെയാണ് ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചത്.പ്ലാൻ്റിനു നിർമ്മാണാനുമതിയും മറ്റും ലഭിച്ചെങ്കിലും എതിർപ്പുകളുടെ പരമ്പര തന്നെ ഉയർന്നു വന്നു. പ്രാദേശിക ജനങ്ങളുടെ എതിർപ്പ് കൂടാതെ പദ്ധതിക്കെതിരെ അനവധി കേസുകൾ ഹൈക്കോടതിയിലും മറ്റും സമീപത്തുള്ള ആശുപത്രി മാനേജ്മെൻ്റുകൾ നൽകി.പദ്ധതി തടസ്സപ്പെട്ടു. പിന്നെ ഇത് മുന്നോട്ട് കൊണ്ടുപോകാൻ മുൻകൈ എടുത്തത് മന്ത്രി എം ബി രാജേഷാണ്.
പ്ലാൻ്റിനെതിരെ നിലപാടെടുത്തവരെ 2023 ജനുവരി 28 ന് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന മീറ്റിംഗിൽ ക്ഷണിച്ച് പ്ലാൻ്റിൻ്റെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തി. എതിർപ്പുയർത്തിയവരെയും തണ്ണീർമുക്കം പഞ്ചായത്തിലെയും ചേർത്തല നഗരസഭയിലെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ മുട്ടത്തറയിലെയും മെഡിക്കൽ കോളേജിലെയും ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ കാണിച്ച് പ്ലാൻ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു’കേരളത്തിലാകെ ഇന്ന് വളരെ അത്യാവശ്യമായിട്ടുള്ളത് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ്. കാരണം, കേരളത്തിലെ പൊതുജലാശയങ്ങളിലെയും വീട്ടുകിണറുകളിലെയും കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയർന്നതാണ് എന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാണ്. അതുകൊണ്ട് യഥാർത്ഥത്തിൽ ഇത്തരം പ്ലാന്റുകൾക്ക് എതിരെയല്ല സമരം ചെയ്യേണ്ടത്, ഇത്തരം പ്ലാന്റുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരങ്ങൾ ഉണ്ടാക്കേണ്ടത്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, അന്ധവിശ്വാസം പോലൊരു എതിർപ്പാണ് മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ പൊതുവിൽ, ശുചിമുറി മാലിന്യ പ്ലാന്റുകൾക്കെതിരെ പ്രത്യേകിച്ചും ഉയർന്നുവരുന്നത്’- മന്ത്രി എം ബി രാജേഷ് പറയുന്നു.എന്തായാലും പ്രതിഷേധം കുറെയൊക്കെ മാറി. ഫെബ്രുവരി ആദ്യവാരം പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ അതു പൂർത്തിയായി.