ആൽഫാ ജനറേഷന് ടാറ്റൂ ഇന്നൊരു ഫാഷനും ട്രെൻഡുമാണ്. സംഗതി ഭംഗിയൊക്കെയാണെങ്കിലും അതു ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ടാറ്റൂ ചെയ്യുന്നത് പലതരം അർബുദങ്ങൾക്ക് വഴിവെക്കുമെന്നാണ് ബി.എം.സി പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ടാറ്റൂ ചെയ്തവരും അല്ലാത്തവരുമായ രണ്ടായിരത്തിലധികം ഇരട്ട സഹോദരങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രണ്ടുകൂട്ടരിലെയും അർബുദ സാധ്യത നിരീക്ഷിക്കുകയായിരുന്നു പഠനസംഘം.ടാറ്റൂ ചെയ്തവരില്‍ അർബുദസാധ്യത 62 ശതമാനം കൂടുതലാണെന്ന് പഠനംവ്യക്തമാക്കുന്നു. ത്വക്കിൽ വലിയ രീതിയില്‍ ടാറ്റൂ ഉള്ളവരില്‍ സ്കിന്‍ കാന്‍സറിനുള്ള സാധ്യത 137 ശതമാനവും, രക്താര്‍ബുദമായ ലിംഫോമയ്ക്കുളള സാധ്യത 173 ശതമാനവുമാണ്. ടാറ്റൂ ചെയ്യുമ്പോൾ സമീപ കോശങ്ങളിലേക്ക് ടാറ്റൂ മഷി ഇടപഴകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ടാറ്റൂ മഷി രക്തപ്രവാഹത്തിലൂടെ മറ്റ് അവയവങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ഈ ടാറ്റൂ മഷിയിലാകട്ടെ, കാര്‍ബണ്‍ ബ്ലാക്ക് പോലെയുള്ള അർബുദകാരിയായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.



