മ്യൂണിക്: അർബുദ ബാധയെത്തുടർന്ന് അഞ്ച് മാസത്തോളം കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ബയേൺ മ്യൂണിക് വനിത ടീം ഗോൾ കീപ്പർ മാല ഗ്രോസിന് സ്വപ്നതുല്യമായ തിരിച്ചുവരവ്.ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്ന 23കാരി കഴിഞ്ഞ ദിവസം ലിയോണിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഒന്നാംപാദ മത്സരത്തിൽ ഇറങ്ങി. കളിയിൽ ബയേൺ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റെങ്കിലും പെനാൽറ്റി സേവടക്കം നടത്തി ഗോൾ പോസ്റ്റിൽ മിന്നുംപ്രകടനം കാഴ്ചവെച്ചു മരിയ ലൂസിയ ഗ്രോസ് എന്ന മാല ഗ്രോസ്. 2024 ഒക്ടോബറിലാണ് മാലയുടെ തൊണ്ടയിൽ മാരകമായ ട്യൂമർ കണ്ടെത്തിയത്. പിന്നാലെ ചികിത്സയും തുടങ്ങി. ഇതിനിടെ താരത്തിന്റെ കരാർ 2026 ജൂൺ 30വരെ നീട്ടി ബയേൺ ഫുട്ബാൾ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. ഡിസംബറിൽ ട്യൂമർ നീക്കം ചെയ്തു. മൂന്ന് മാസമായപ്പോഴേക്ക് കളത്തിൽ തിരച്ചെത്താനുമായി. ‘ഇത് ശരിക്കും സ്പെഷലാണ്’ -മത്സരശേഷം മാല പറഞ്ഞു. ‘കഴിഞ്ഞ മാസങ്ങൾ ഞാൻ എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോൾ പലതും പഠിക്കേണ്ടതുണ്ട്. അത് ആവേശകരമായിരുന്നു. ഈ ദിവസത്തിനായി ഞാൻ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. യാത്ര എവിടെയെത്തുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അടുത്ത വൃത്തങ്ങളിൽ നിന്നൊന്നും പരിചയമില്ലാത്തതാണ് കാൻസർ’-മാല കൂട്ടിച്ചേർത്തു.