ചെന്നൈ: പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എഴുതി നല്കിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എസ് നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകള്‍ എസ് മാല സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
തന്റെ മകനും മരുമകളും ജീവിതകാലം മുഴുവന്‍ തന്നെ പരിപാലിക്കുമെന്ന് കരുതിയാണ് നാഗലക്ഷ്മി മകന് കേശവന് ഇഷ്ടദാനം എഴുതി നല്‍കിയത്. എന്നാല്‍ മകന് അവരെ നോക്കിയിയില്ലെന്ന് മാത്രമല്ല മകന്റെ മരണശേഷം മരുമകളും അവരെ അവഗണിച്ചു. തുടര്‍ന്ന് നാഗലക്ഷ്മി നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചു. സ്നേഹവും വാത്സല്യവും കൊണ്ട് മകന്റെ ഭാവിക്ക് വേണ്ടിയാണ് തന്റെ സ്വത്ത് ഇഷ്ടദാനമായി എഴുതി നല്‍കിയത്. തുടര്‍ന്ന് മരുമകള്‍ മാലയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ആര്‍ഡിഒ ഇഷ്ടദാനം റദ്ദ് ചെയ്യുകയാണുണ്ടായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് മാല ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് മാല അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.