ഇന്ത്യയുടെ ഗഗൻയാൻ യാത്രികരിൽനിന്ന് ആദ്യ ബഹിരാകാശ യാത്ര നടത്താൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ലയെ തിരഞ്ഞെടുത്തു. ഇൻഡോ – യു എസ് സഹകരണത്തിന്റെ ഭാഗമായി നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘത്തിലാണ് ശുഭാൻശു ശുക്ല (39) ഉൾപ്പെട്ടത്. ബാക്കപ്പ് പൈലറ്റായി മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പാലക്കാട് തിരുവാഴിയോട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർക്കു കൂടി നാസയിൽ പരിശീലനം നൽകും. എന്തെങ്കിലും കാരണവശാൽ ശുഭാൻശു ശുക്ലയ്ക്കു പോകാൻ കഴിഞ്ഞില്ലെങ്കിൽ പ്രശാന്ത് (48) യാത്ര നടത്തും. നടി ലെനയുടെ ഭർത്താവാണ് പ്രശാന്ത്. ഇരുവർക്കുമുള്ള പരിശീലനം നാസയുടെ ടെക്സസിലെ ജോൺസൺ സ്പേസ് സെന്ററിൽ വരുംദിവസങ്ങളിൽ ആരംഭിക്കും. ഇവരിലൊരാൾക്ക് ഈ വർഷം ഒക്ടോബറിനു മുൻപ് ബഹിരാകാശ യാത്ര നടത്താനാകുമെന്നാണു വിവരം.
ആക്‌സിയം-4 ദൗത്യത്തിനായിനായാണ് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോഴാണ് ഇന്ത്യൻ യാത്രികനെ ഐഎസ്എസിൽ എത്തിക്കുന്ന പങ്കാളിത്തത്തിനു ധാരണയായത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമായ ഗഗൻയാൻ അടുത്ത വർഷം ഉണ്ടാകും. ഗഗന്യാത്രി എന്നറിയപ്പെടുന്ന രണ്ട് ഉദ്യോഗസ്ഥരുടെയും പരിശീലനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.



