മേപ്പാടി: വയനാട്ടിലെ പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതർക്കായി എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ കരുതൽ. സഹൃദയ സമാഹരിച്ച അഞ്ചു ടൺ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, നിത്യോപയോഗസാമഗ്രികൾ എന്നിവയുമായി ആദ്യ വാഹനം മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
മാനന്തവാടി രൂപത സോഷ്യൽ സർവീസ് വിഭാഗത്തിന്റെ (ഡബ്ലിയു എസ് എസ് ) സന്നദ്ധ പ്രവർത്തകർ സാധനങ്ങൾ ഏറ്റുവാങ്ങി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മുൻ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, ഡബ്ലിയു എസ് എസ് ഡയറക്ടർ ഫാ. ജിനോ പാലത്തടത്തിൽ, കല്പറ്റ ഫൊറോനാ വികാരി ഫാ. മാത്യു പെരിയപ്പുറം, ക്യാമ്പ് മോഡൽ ഓഫീസർ ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ദുരിതബാധിതരെ സന്ദർശിച്ചു സഹൃദയയിലെ വൈദീകർ കൗൺസിലിംഗ് സേവനവും നൽകിവരുന്നുണ്ട്.



