മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാം. ഔദ്യോഗികമായി ഇതുവരെ 199 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 181 മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 264 പേരെയാണ് ദുരന്തപ്രദേശത്തുനിന്നും ആശുപത്രികളിലെത്തിച്ചത്. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 86 പേർ ചികിത്സയിലുണ്ട്.
കാണാതായവരെ കണ്ടെത്താനായി ദുരന്തമേഖലകളിൽ വ്യാപകമായ തിരച്ചിലാണ് വെള്ളിയാഴ്ച നടക്കുന്നത്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. മുണ്ടക്കൈ ജങ്ഷന് മുകളിലുള്ള പ്രദേശമായ പുഞ്ചിരിമട്ടത്തിന് താഴെയുള്ള ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച തിരച്ചില്‍ നടന്നത്. മുകള്‍ഭാഗത്തേക്ക് കയറിയുള്ള പരിശോധനയാണ് വെള്ളിയാഴ്ച നടക്കുന്നത്. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. സൈന്യം തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലാണ്. മലപ്പുറത്ത് ലോക്കല്‍ പോലീസും അഗ്നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.



