ചെന്നൈ: ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാർത്തകൾ എന്ന വ്യാജേന ചില പോസ്റ്റുകൾ നിങ്ങളുടെ സോഷ്യൽ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം. ചില ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത് ഇന്ത്യൻ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം ലിങ്കുകൾ തുറക്കരുതെന്നും തട്ടിപ്പിനുള്ള കെണികളാണെന്നും ഓർമിപ്പിക്കുകയാണ് തമിഴ്‌നാട് സൈബർ ക്രൈം വിഭാഗം എഡിജിപി ഡോ സന്ദീപ് മിത്തൽ. ചില തട്ടിപ്പ് പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
പത്തോ പതിനഞ്ചോ മാത്രം ഫോളോവേഴ്‌സുള്ള വെരിഫൈഡ് ഹാൻഡിലുകളിൽ നിന്നുള്ള ശ്രേയ ഘോഷാലിനെ കുറിച്ചുള്ള പരസ്യങ്ങൾ, പൊതുജനങ്ങളെ സൈബർ തട്ടിപ്പുകളിൽ അകപ്പെടുത്താനായി ആകർഷിക്കുന്നതിനുള്ള കെണികളാണെന്ന് എഡിജിപി പറയുന്നു. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക. പരസ്യമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അത്തരം ഹാൻഡിലുകൾ കണ്ടെത്തി തടയാനുള്ള സംവിധാനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിനോട് ആവശ്യപ്പെട്ടു.
ചില ലിങ്കുകൾ ഓപ്പണ്‍ ചെയ്താൽ ചില തട്ടിപ്പ് ട്രേഡിങ് പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളിലാണ് എത്തുക. ഇത്തരത്തിൽ സൈബർ കെണികളിൽ വീഴരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്. അതിനിടെ തന്‍റെ എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രേയ ഘോഷാൽ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 13 മുതലാണ് എക്സ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നും തന്‍റെ അക്കൌണ്ടിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങൾ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ശ്രേയ ആവശ്യപ്പെട്ടു. തനിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും അക്കൌണ്ട് വീണ്ടെടുക്കാനായാൽ അറിയിക്കാമെന്നും ശ്രേയ വ്യക്തമാക്കിയിരുന്നു.