Sunday, August 3, 2025
No menu items!
Homeവാർത്തകൾ8-9 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും 36 മിനിറ്റ്; കേദാർനാഥ് റോപ് വേ പദ്ധതിയ്ക്ക്...

8-9 മണിക്കൂർ യാത്രയ്ക്ക് ഇനി വേണ്ടത് വെറും 36 മിനിറ്റ്; കേദാർനാഥ് റോപ് വേ പദ്ധതിയ്ക്ക് അനുമതി

ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവത്‌മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോൻപ്രയാഗ്‌ മുതൽ കേദാർനാഥ്‌ വരെയുള്ള (12.9 കിലോമീറ്റർ) റോപ്‌വേ പദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റോപ്‌വേ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം നൽകി. ആകെ 4,081.28 കോടി രൂപ മൂലധനച്ചെലവിൽ പദ്ധതി വികസിപ്പിക്കും.  പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് റോപ്‌വേ വികസിപ്പിക്കുന്നത്. കൂടാതെ, പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 1800 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടു​പോകാനും ശേഷിയുള്ള (PPHPD) ഏറ്റവും നൂതനമായ ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

കേദാർനാഥ് സന്ദർശിക്കുന്ന തീർഥാടകർക്ക് ഈ റോപ്‌വേ പദ്ധതി അനുഗ്രഹമാകും. കാരണം, ഇത് പരിസ്ഥിതി സൗഹൃദവും സുഖകരവും വേഗതയേറിയതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യുകയും ഒരു ദിശയിലേക്കുള്ള യാത്രാസമയം ഏകദേശം 8-9 മണിക്കൂർ എന്ന നിലയിൽ നിന്ന് ഏകദേശം 36 മിനിറ്റായി കുറയ്ക്കുകയും ചെയ്യും. റോപ്‌വേ പദ്ധതി നിർമാണത്തിലും പ്രവർത്തനങ്ങളിലും അനുബന്ധ വിനോദസഞ്ചാര വ്യവസായങ്ങളായ അതിഥിസൽക്കാരം, യാത്ര, ഭക്ഷണവും പാനീയങ്ങളും (F&B), വിനോദസഞ്ചാരം എന്നിവയിൽ വർഷം മുഴുവനും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

സന്തുലിതമായ സാമൂഹ്യ-സാമ്പത്തിക വികസനം വളർത്തുന്നതിനും, മലയോര പ്രദേശങ്ങളിൽ അങ്ങേയറ്റം വരെയും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് റോപ്‌വേ പദ്ധതിയുടെ വികസനം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡിൽനിന്ന് 16 കിലോ മീറ്റർ കയറ്റം നിറഞ്ഞതാണ്. നിലവിൽ കാൽനടയായോ കുതിരകൾ, പല്ലക്കുകൾ, ഹെലികോപ്റ്റർ എന്നിവയിലൂടെയോ ആണ് ഇവിടേക്ക് യാത്ര നടത്തുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനും സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമാണ് നിർദിഷ്ട റോപ്‌വേയുടെ ആസൂത്രണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments