പേയാട് : പേയാട് സൗഹൃദവേദിയുടെ ശുചീകരണയജ്ഞത്തിന് സമാപനമായി. ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വീതം 18-ദിവസങ്ങള്‍ കൊണ്ട് സൗഹൃദവേദിയിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ശുചികരീച്ചത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ്. പേയാട് അരുവിപ്പുറം റോഡിലെ വന്‍തോതിലുള്ള മാലിന്യം നിക്ഷേപിക്കലാണ് പേയാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേയാട് സൗഹൃദവേദി എന്ന സാംസ്‌കാരികകൂട്ടായ്മയെ ഇത്തരമൊരു ശുചീകരണപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ ഇതുവഴിയുള്ള യാത്ര അസഹനീയമായി. ഒപ്പം തെരുവുനായശല്യവും.
പുലര്‍ച്ചെ 5 മണി മുതല്‍ 7 വരെയായിരുന്നു ശുചീകരണപരിപാടികള്‍. പേയാട് അമ്മന്‍കോവില്‍ ജങ്ഷന്‍ മുതല്‍ അരുവിപ്പുറം പാലം വരെയുള്ള പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കംചെയ്തു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുടെ പരിപൂര്‍ണപിന്തുണയുണ്ടായതായും തുടര്‍ന്നും നാടിന് പ്രയോജനപ്രദമായ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സൗഹൃദവേദി അംഗങ്ങള്‍ പറയുന്നു.
അരുവിപ്പുറം ഗ്രാന്‍ഡ് ടെക് വില്ല കവാടത്തില്‍ നടന്ന സമാപന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.ബി.ബിജുദാസ്, പഞ്ചായത്ത് അംഗങ്ങളായ എം.സി.സുരേഷ്, ടി.ഉഷ, പേയാട് സൗഹൃദവേദി പ്രസിഡന്റ് വി.സുരേഷ്‌കുമാര്‍, സെക്രട്ടറി ആര്‍.സി.രഞ്ജിത്, ഖജാന്‍ജി ജെ. മുരളീധരന്‍ നായര്‍, സൗഹൃദവേദി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.