തിരുവനന്തപുരം: ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാനവസേന രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ലഹരിക്കെതിരായ ബോധവത്കരണം, മയക്കുമരുന്നു വിതരണക്കാരെ കണ്ടെത്തി നിയമ സംവിധാനങ്ങളെ അറിയിക്കുക തുടങ്ങിയവയായിരിക്കും മാനവ സേനയുടെ പ്രവര്‍ത്തന ഉദ്ദേശ്യലക്ഷ്യങ്ങളെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യകതമാക്കി.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ആശങ്കപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതുമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ലഹരി വ്യാപനവും ഇന്റര്‍നെറ്റിന്റെ ഉപയോഗവും സിനിമകളിലെ വയലൻസും കുട്ടികളിലെ അക്രമവാസന വര്‍ധിക്കുന്നതിന് സ്വാധീനം ചെലുത്തുന്നു എന്നതാണ് സമീപകാല സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്കൂൾ പരിസരങ്ങളിൽ അടക്കം ഫലപ്രദമായ പരിശോധനകൾ ഇല്ലാത്തതിനാൽ ലഹരി ലഭ്യത വ്യാപകമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അടിമകളും കണ്ണികളും ആവുന്ന സാഹചര്യമാണ് നിലവിലുള്ളത് . നമ്മുടെ വരും തലമുറയെ ഈ വിഷവിപത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കേണ്ടത് ആയിട്ടുണ്ട് . അതിനു തുടക്കമെന്നോണം മനുഷ്യത്വം മരവിപ്പിക്കുന്ന ഈ സാമൂഹ്യ വിപത്തിന്റെ അടിവേരറുക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്.
സമൂഹത്തിലെ ലഹരി ഉപയോഗവും വ്യാപനവും തടയുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാർട്ടി നേതൃത്വം നല്‍കും. അതിന്റെ ഭാഗമായി പാര്‍ട്ടി തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മാഹാത്മാ ഗാന്ധിജിയുടെ പേരില്‍ (മഹാത്മാ ആന്റി നാര്‍കോട്ടിക് ആക്ഷന്‍ വോളന്റിയേഴ്‌സ്-Mahatma anti narcotic action volunteers) മാനവ സേനയ്ക്ക് രൂപം നല്‍കുകയും മണ്ഡലം തലത്തില്‍ അതിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ഉടനീളം നടപ്പാക്കുകയും ചെയ്യും. ലഹരിക്കെതിരായ ബോധവത്കരണം, മയക്കുമരുന്നു വിതരണക്കാരെ കണ്ടെത്തി നിയമ സംവിധാനങ്ങളെ അറിയിക്കുക തുടങ്ങിയവയായിരിക്കും മാനവ സേനയുടെ പ്രവര്‍ത്തന ഉദ്ദേശ്യലക്ഷ്യങ്ങള്‍. അതോടൊപ്പം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി നിയോജക മണ്ഡലം,ബ്ലോക്ക് എന്നിവ കേന്ദ്രീകരിച്ച് കൗണ്‍സിലിംഗ് സെന്ററുകളും ആരംഭിക്കും.
ഒറ്റപ്പെടലിന്റെ ഏകാന്തതയിലേക്ക് കുട്ടികളെ തള്ളിവിടുന്നതിന് പകരം അവരുടെ കായികവും സര്‍ഗാത്മകവുമായ കഴിവുകളെ കണ്ടെത്തി പ്രോത്സോഹിപ്പിക്കുക എന്നത് പരമ പ്രധാനമാണ്. കോണ്‍ഗ്രസ് പോഷക സംഘടനകളായ ദേശീയ കായികവേദിയെ ഉപയോഗിച്ച് കായിക മത്സരങ്ങളും സംസ്‌കാര സാഹിതിയുടെ സഹകരണത്തോടെ സാംസ്‌കാരിക കലാപരിപാടികളും നടത്തും. ഇതിലൂടെ കുട്ടികളുടെ ശ്രദ്ധ പഠനത്തോടൊപ്പം കായിക-സാംസ്‌കാരിക രംഗത്ത് കേന്ദ്രീകരിക്കാനും ലഹരിക്കടിമപ്പെടുന്ന ചിന്തകളെ അകറ്റിനിര്‍ത്തുവാനും സാധിക്കും. തെറ്റുകളെ ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നടത്തി ഉത്തമ പൗരബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള മഹത്തായ ദൗത്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം