പ്രതിസന്ധികളെ തരണം ചെയ്ത് സ്നേഹ മുരുകൻ പത്താം ക്ലാസ് പരീക്ഷ എഴുതി. 100% ഭിന്നശേഷിക്കാരിയായ സ്നേഹയെ പരീക്ഷാഹാളിൽ എത്തിച്ചത് ടീച്ചർമാരുടെ സഹായത്തോടെ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും അനുവദിച്ച വാഹനത്തിലാണ്. തിരുവനന്തപുരം പേട്ട സ്വദേശികളായ മുരുകൻ ദിവ്യ ദമ്പതികളുടെ ജീവിത അഭിലാഷങ്ങളിൽ ഒന്നായിരുന്നു മറ്റുള്ള കുട്ടികളെപ്പോലെ തങ്ങളുടെ മകൾ സ്നേഹക്കും പരീക്ഷാഹാളിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതാൻ സാധിക്കണം എന്നുള്ളത്. ഭിന്നശേഷിക്കാരിയായ സ്നേഹ മുരുകൻ്റ പഠനവും പരീക്ഷയും ഈ സാധാരണ കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ശാരീരിക പരിമിതി മൂലം സ്കൂളിലെത്തി വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത സ്നേഹയുടെ അവസ്ഥ മനസ്സിലാക്കിയ സമഗ്ര ശിക്ഷാ കേരളം നോർത്ത് യൂ ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഭാഗം ദൗത്യം ഏറ്റെടുത്തു. എല്ലാ ബുധനാഴ്ചകളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ ബീനാകുമാരി സ്നേഹയുടെ വീട്ടിലെത്തി പഠന പിന്തുണ നൽകി. എല്ലാ കുട്ടികളെയും പോലെ തൻ്റെ കുട്ടിയും SSLC പരീക്ഷ എഴുതണമെന്ന സ്നേഹയുടെ കുടുംബത്തിൻ്റെ അടങ്ങാത്ത ആഗ്രഹം ബീന കുമാരി ടീച്ചർ അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നു.
സമഗ്ര ശിക്ഷാ കേരളം നോർത്ത് യു ആർ സി ബിപിസി അനൂപ് ആർ, IEDC പ്രോഗ്രാം ഹെഡ് ഇ ഇസ്മായിൽ എന്നിവരുടെ പിന്തുണയോടെ പേട്ട വാർഡ് കൗൺസിലറും നഗരാസൂത്രണ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സുജാ ദേവിയുമായി ഇടപെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് പരീക്ഷ എഴുതാൻ പോകാൻ സൗജന്യ യാത്ര സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ശില്പ രാമനാഥിൻ്റെ ഇടപെടലിലൂടെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ കുമാരി മേഘ സ്നേഹയ്ക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ മുന്നോട്ട് വന്നതോടെ സ്നേഹയുടെ കുടുംബത്തിൻ്റെ ആഗ്രഹങ്ങൾക്ക് ചിറക് മുളച്ചു. കുളിച്ച് സുന്ദരിയായി കുടുംബസമേതം ആയിരുന്നു പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള സ്നേഹയുടെ യാത്ര. മറ്റു കുട്ടികൾക്കൊപ്പം സ്നേഹ പരീക്ഷ എഴുതിയപ്പോൾ കുടുംബത്തിൻ്റെയും കാണുന്നവരുടെയും മനസ്സ് നിറയുകയായിരുന്നു.