കൊച്ചി: കൊച്ചിയില്‍ അസിസ്റ്റന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന 33 വയസ്സുള്ള ട്രാന്‍സ് വുമണ്‍ ഏഞ്ചല്‍ ശിവാനിക്ക് ഫെബ്രുവരി 7 ന്, പാലാരിവട്ടം മെട്രോ സ്റ്റേഷന് പുറത്തുവെച്ച് ക്രൂരമര്‍ദ്ദനമേല്‍ക്കുന്നു. പള്ളുരുത്തി സ്വദേശിയായ പുരുഷനാണ്, അവരെ കണ്ടയുടന്‍ യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ ഏഞ്ചല്‍ ശിവാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കേരളത്തിലുടനീളം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ധന കണക്കിലെടുത്ത്, സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ സെല്‍ (ടിപിസി) രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ക്രമസമാധാന എഡിജിപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ, ശിശു വിഭാഗം സെല്ലാണ് (ഡബ്ല്യുസിഡബ്ല്യുഎസ്), ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നല്‍കുന്ന പരാതികളും കൈകാര്യം ചെയ്തിരുന്നത്. നിലവില്‍ എല്ലാ പൊലീസ് ജില്ലകളിലും വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സെല്ലുകളുടെ അനുബന്ധ സ്ഥാപനമായി ടിപിസികള്‍ പ്രവര്‍ത്തിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.