മലപ്പുറം: ജോലി തേടിയെത്തിയ ഒഡീഷ യുവതി വാടക ക്വാര്‍ട്ടേഴ്സിൽ സുഖ പ്രസവത്തോടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി. ഷക്കാരി ജുരുളി മാഞ്ചി (22) എന്ന യുവതി കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മാതോത്ത് റോഡിലെ വാടക വീട്ടില്‍ ഒരാണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്‍മം നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനോടൊപ്പം തുവ്വൂരിലെത്തിയതാണ് യുവതി. തുവ്വൂരില്‍ ഇരുവര്‍ക്കും പറവെട്ടി ഷംസുദ്ദീന്റെ അടക്കാക്കളത്തിലാണ് ജോലി. യുവതി ഗര്‍ഭിണിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരികള്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പ്രസവം നടന്ന വിവരം ഷംസുദ്ദീന്‍ അറിയിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എന്‍ ലിജി ജോര്‍ജും ആശാ പ്രവര്‍ത്തക പ്രസന്നയും അതിരാവിലെ വീട്ടിലെത്തി യുവതിക്കും കുട്ടികള്‍ക്കും അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.