കുറവിലങ്ങാട്: മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയും (എം എഫ് സി ) ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷികോത്സവം മാർച്ച് 1, 2 തിയതികളിൽ കോഴായിൽ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് വച്ച് നടത്തും. കൃഷി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം എന്ന ആശയം പകർന്ന് നാടിൻ്റെ കാർഷിക വികസന സാധ്യതകൾ കണ്ടെത്തി കർഷകർക്ക് കൈത്താങ്ങാകുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കാർഷികോത്സവം സംഘടിപ്പിയ്ക്കുന്നത്.മാർച്ച് ഒന്നിന് രാവിലെ 10 മണി മുതൽ കാർഷിക, ടൂറിസം സെമിനാറുകൾ, ആരോഗ്യ ക്ലാസുകൾ, കാർഷിക പ്രദർശനം, കൂട്ട ഓട്ടം, ഭക്ഷ്യമേള എന്നിവ നടക്കും.വൈകുന്നേരം 4 മണിക്ക് പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു ജോൺ അദ്ധ്യക്ഷത വഹിക്കും. ഹെൽത്തി ഫുഡ് മാർട്ട് സത്യാഹാരയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിക്കും. നടനും സംവിധായകനുമായ ശ്രീനിവാസൻ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും.വിവിധ ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ ,കർഷക നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഗാനസന്ധ്യ.
രണ്ടാം ദിനമായ മാർച്ച് 2ന് രാവിലെ 10ന് കർഷക സെമിനാറും കാർഷിക പ്രദർശനവും.വൈകുന്നേരം 4 ന് ‘സമാപന സമ്മേളനം ജോസ് കെ. മാണി എം.പി.ഉദ്ഘാടനം ചെയ്യും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മദ്ധ്യ മേഖല ഫാർമർ പ്രൊഡ്യൂസർ കമ്പനി നടപ്പാക്കുന്ന സംഘ ക്യഷിയും സാങ്കേതിക വിദ്യയും പദ്ധതി അഡ്വ.മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6.30ന് ഗാനമേള.കേരളത്തിൽ ആദ്യമായ എ ഐ (Al ) അധിഷ്ഠിത ഡ്രോൺ ക്യഷിയ്ക്കായി ഉപയോഗിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ എഴുന്നൂറിലധികം കർഷകർ ഇതിനകം അംഗങ്ങളായിട്ടുണ്ടെന്ന് ചെയർമാൻ ജോർജ് കുളങ്ങര പറഞ്ഞു. വൈസ് ചെയർമാൻ എം.വി.മനോജ്, പ്രസിഡൻ്റ് അജി നായർ, ഭാരവാഹികളായ ബോബൻ മഞ്ഞളാ മലയിൽ, സ്ക്കറിയ ഒ.ജെ, ബേബി ജോസഫ് ,സി.ഇ.ഒ അനീഷ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.