കൊൽക്കത്ത: രാജ്യത്തെ ഏറ്റവും വലിയ കവിതാ പുരസ്‌കാരങ്ങളിലൊന്നായ യപൻചിത്ര ദേശീയ കവിതാ പുരസ്‌കാരം മലയാള കവി പി. രാമന്. ഇന്ത്യൻ കവിതക്കു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. ബംഗാളി ഭാഷയിലുള്ള പ്രമുഖ കവിതാ മാഗസിനായ യപൻചിത്ര 2023 മുതലാണ് ദേശീയതലത്തിൽ കവിതാ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. അരലക്ഷം രൂപയാണ് പ്രതിഫലത്തുക.കെ. സച്ചിദാനന്ദൻ, കന്നട കവി എച്ച്.എസ് ശിവപ്രസാദ് എന്നിവരടക്കമുള്ള ജൂറിയാണ് പി. രാമനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്നും മാർച്ച് ഏഴിന് നടക്കുന്ന യപൻചിത്ര ഫെസ്റ്റിവലിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള എഴുത്തുകാർക്കു പുറമെ ഫ്രാൻസ്, സ്‌പെയിൻ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കവികളും ഫെസ്റ്റിവലിൽ പങ്കെടുക്കും. മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാളായ പി. രാമൻ പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയാണ്. 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി പി. സാഹിത്യ പുരസ്‌കാരം, അയനം എ. അയ്യപ്പൻ പുരസ്‌കാരം, കെ.വി തമ്പി പുരസ്‌കാരം, ദേശാഭിമാനി കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌സ്‌മെന്റ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹയർ സെക്കന്ററി മലയാളം അധ്യാപകനാണ്. എഴുത്തുകാരി സന്ധ്യ എൻ.പിയാണ് ഭാര്യ. മക്കൾ ഹൃദയ്, പാർവതി.