പത്തനംതിട്ട: ബാങ്ക് ജീവനക്കാരുടെ ഇടപെടലിൽ വിർച്വൽ അറസ്റ്റ് തട്ടിപ്പ് പൊളിഞ്ഞു. പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിലാണ് സംഭവം. ബാങ്കിലെത്തിയ വയോധികന്റെ പരിഭ്രാന്തിയോടെയുള്ള സംസാരമാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. അമ്മാവന് 5 ലക്ഷം രൂപ അയക്കണമെന്ന ആവശ്യവുമായാണ് വയോധികൻ ബാങ്കിലെത്തിയത്.
പത്തനംതിട്ട മല്ലശ്ശേരി എസ്ബിഐ ബ്രാഞ്ചിൽ ആണ് കഴിഞ്ഞ ദിവസം വയോധികൻ ജോധ്പൂരിലെ അക്കൗണ്ടിലേക്ക് 5 ലക്ഷം ട്രാൻസ്ഫർ ചെയ്യാനായി വന്നത്. പണം ആരുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അമ്മാവൻ എന്നു പറഞ്ഞത്. പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാരൻ ബിനു മാനേജർ കെ.എസ്. സജിതയെ വിവരം അറിയിച്ചു. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താനും ഭാര്യയും സിബിഐയുടെ വിർച്വൽ അറസ്റ്റിൽ ആണെന്നും 5 ലക്ഷം കൊടുത്താലേ വിട്ടയക്കൂ എന്ന വിവരവും പറഞ്ഞത്.
ഇതേ സമയം തന്നെ സിബിഐ ആണെന്നു പറഞ്ഞ് വയോധികന്റെ ഫോണിലേക്ക് വിളിയെത്തി. ഇവരോട് ജീവനക്കാരൻ ബിനു സംസാരിച്ചതോടെ കോൾ കട്ടാകുകയും ചെയ്തു. ഭാര്യ അറസ്റ്റിലാണെന്നും പണം എത്തിച്ചാൽ മോചിപ്പിക്കാമെന്നുമായിരുന്നു സംഘത്തിന്റെ വാഗ്‌ദാനം. സിബിഐ ചമഞ്ഞ് വിളിച്ചവർ വയോധികരുടെ വിവരങ്ങളെല്ലാം കൈക്കലാക്കിയിരുന്നു. തുടർന്ന്, ബാങ്ക് മാനേജർ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ശേഷം, പത്തനംതിട്ട പൊലീസിൽ വിവരവും അറിയിച്ചു. പൊലീസ് തന്നെ വയോധികനെ സൈബർ സെല്ലിൽ എത്തിച്ച് പരാതി നൽകാനുള്ള സഹായവും ചെയ്തു.