ന്യൂഡൽഹി: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്. വിവിധ ഹർജികൾ വ്യത്യസ്ത ബെഞ്ചുകളിലേക്ക് പോകുന്നത് ഒഴിവാക്കി എല്ലാ കേസുകളും മൂന്നംഗ ബെഞ്ചിനുതന്നെ വിടണമെന്ന തമിഴ്നാട് സർക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിനോട് ശിപാർശ ചെയ്തത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും അനുമതി തേടി തമിഴ്നാട് സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് കോടതി നിർദേശിച്ചു.
സമിതിയുടെ നിയമസാധുതതന്നെ കേരളം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പ്രശ്ന പരിഹാരത്തിന് യോഗം വിളിക്കാൻ സമിതിയെതന്നെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി. നേരത്തേ പൊതുതാൽപര്യ ഹരജികൾ മൂന്നംഗ ബെഞ്ചും അതിന് പുറമെ വന്ന ഹരജികൾ രണ്ടംഗ ഡിവിഷൻ ബെഞ്ചുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ, എല്ലാ കേസുകളും ഈ മൂന്നംഗ ബെഞ്ചിന് വിടണമെന്നാണ് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡേ വാദിച്ചത്. ഇതംഗീകരിച്ച ജസ്റ്റിസ് സൂര്യകാന്ത് ബെഞ്ച് ഏതെന്നും അതിൽ ആരൊക്കെയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളെയും കേട്ടതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ ആവശ്യങ്ങൾ പരിശോധിക്കാൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം സമിതി ചെയർമാൻ വിളിച്ചുചേർക്കണം. ഇരു സംസ്ഥാനങ്ങൾക്കും യോജിക്കാവുന്ന വിഷയങ്ങളിൽ പരിഹാര നടപടികൾ സമിതി നിർദേശിക്കണം. ഈ പരിഹാര നിർദേശങ്ങൾക്കൊപ്പം പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾകൂടി രേഖപ്പെടുത്തി റിപ്പോർട്ട് തയാറാക്കി നാലാഴ്ചക്കകം സമർപ്പിക്കണം. അണക്കെട്ടുമായി ബന്ധപ്പെട്ട അറ്റകുറ്റ, പരിപാലന പ്രവൃത്തികൾ കേരള സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് തമിഴ്നാട് ബോധിപ്പിച്ചുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടി. അണക്കെട്ടിൽ സിമന്റ് പൂശൽ, അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി, ജീവനക്കാരുടെ ഡോർമെറ്ററി പ്രവൃത്തി, മരംവെട്ട്, നിരീക്ഷണത്തിന് ബോട്ട് തുടങ്ങിയ ആവശ്യങ്ങളാണ് തമിഴ്നാട് ഉന്നയിച്ചത്. ഇതിനിടയിൽ ഇടക്കാല അപേക്ഷ കേരളവും നൽകി. ആ അപേക്ഷയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലും തമിഴ്നാട് കേരളത്തിനെതിരായ പരാതി ഉന്നയിച്ചുവെന്നും ആവശ്യങ്ങൾ ആവർത്തിച്ചുവെന്നും ബെഞ്ച് തുടർന്നു. സ്കൂൾ കുട്ടികളെപോലെയാണ് കേരളവും തമിഴ്നാടും മുല്ലപ്പെരിയാറിൽ തല്ലുകൂടുന്നതെന്ന് ബെഞ്ച് പരിഹസിക്കുകയും ചെയ്തു.



