ഡൽഹി: സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആർ ഗവായി ചൂണ്ടിക്കാട്ടി.
സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. ഡൽഹിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. വീടില്ലാത്തവരുടെ എണ്ണം പരിശോധിച്ച് കൃത്യമായ കണക്ക് അറിയിക്കാൻ രണ്ടംഗ ബഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.