അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ രാജ്യത്ത് നിയമവിരുദ്ധ ജോലി ചെയ്യുന്നവര്‍ക്കെതിരെ വന്‍തോതിലുള്ള റെയ്ഡുകള്‍ ആരംഭിച്ചു. ‘ബ്രിട്ടന്‍ മുഴുവന്‍ മിന്നലാക്രമണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നടപടി കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, നെയില്‍ ബാറുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, കാര്‍ വാഷുകള്‍ എന്നിവയിലേക്കും വ്യാപിപ്പിച്ചതായാണ് വിവരം.
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍, ജനുവരിയില്‍ ആഭ്യന്തര ഓഫീസ് 828 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് ഈ വര്‍ഷം 48 ശതമാനം പേര്‍ രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും പേര്‍ നിയമവിരുദ്ധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ഹംബര്‍സൈഡിലുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ മാത്രം ഏഴ് അറസ്റ്റുകള്‍ക്കും നാല് തടങ്കലുകള്‍ക്കും കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും നടപ്പിലാക്കുകയും വേണമെന്നും, വളരെക്കാലമായി, തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
വോട്ടെടുപ്പില്‍ ‘റിഫോം യുകെ’യുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ, തന്റെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശനമാണെന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സമ്മര്‍ദ്ദത്തിലാണ്. ബ്രിട്ടനില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള ‘ഇമിഗ്രേഷന്‍ കുറ്റവാളികളെ’ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാടുകടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍, മോഷണം, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.