മെഡിക്കൽ കോളേജിലെ രോഗിയെ സന്ദർശിക്കാൻ ടൗണിൽ നിന്നു ഓട്ടോറിക്ഷ പിടിച്ച വ്യക്തിക്ക് കാത്തിരുന്നത് ഒരു മനോഹരമായ അനുഭവം. കുഴികളേറെയും ഉള്ള റോഡിൽ യാത്രക്കിടയിൽ, നടുവേദന കാരണം ഡ്രൈവറോട് പതിയെ പോകണമെന്ന് വിനീതമായി അഭ്യർത്ഥിച്ചപ്പോൾ, ‘ഒക്കേ സാർ’ എന്ന പുഞ്ചിരിയോടെയുള്ള മറുപടിയാണ് ലഭിച്ചത്. മിതമായ സ്പീഡിൽ, യാത്രക്കാരന്റെ ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കി, അത്രയും കരുതലോടെ, ഡ്രൈവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ‘എത്രയായി’ ചോദിച്ചപ്പോൾ, ഡ്രൈവറുടെ മുന്നിലുള്ള ഒരു പെട്ടിയിലേക്ക് ചൂണ്ടിക്കാട്ടി, “ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ” എന്ന മറുപടി അയാൾ നൽകി. പെട്ടിയെ ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് “നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം” എന്ന അടിക്കുറിപ്പോടുകൂടിയ പെട്ടി. വണ്ടി നീക്കാൻ വൈകിയപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ദേഷ്യത്തോടെ വന്നു. എന്നാൽ ഡ്രൈവറെ കണ്ടതുമാത്രം കൊണ്ട് ആദേഷ്യം പൂർണ്ണമായും മാറി. അതേസമയം, “നമസ്കാരം സാർ” എന്ന് നിർഭാഗ്യവശാൽ മാന്യമായി കൈകൂപ്പി വണങ്ങിയും പോയി!
സെക്യൂരിറ്റിയോട് വിവരങ്ങൾ തേടിയപ്പോൾ മനസ്സിലായ കഥ അത്ര സാധാരണമല്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ മരണം, അപസ്മാര രോഗിയായ മൂത്ത സഹോദരൻ, പെൺകുട്ടികൾ അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയായ 3rd year MBBS വിദ്യാർത്ഥി അതാണ് ആ ഓട്ടോഡ്രൈവർ. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയതിനുള്ള സമ്മാനമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് തന്നെ ഈ ഓട്ടോ നൽകിയതായിരുന്നു. ആദ്യ മാസത്തിൽ വെച്ചുതന്നെ തന്റെ വരുമാനത്തിൽനിന്ന് ഒരു പങ്ക് തിരിച്ചു നൽകാൻ ശ്രമിച്ചപ്പോൾ, സൂപ്രണ്ട് അത് നിരസിച്ചു. എന്നാൽ, അന്ന് മുതൽ ആ തുക അദ്ദേഹം ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാൻ തുടങ്ങി. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല, എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. അതിനാണാ പെട്ടി.
ഇങ്ങനെയും മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്, ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണയാതെ സൂക്ഷിക്കുന്നു. അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ…