ന്യൂഡൽഹി: മുസ്‌ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ജെപിസി ബിൽ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചുമാണ്, വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് . മുസ്‌ലിം ലീഗ് എം.പിമാരായ ഇ ടി മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വെക്കും. സ്‌പീക്കറായിരിക്കും റിപ്പോർട്ട് പാർലമെന്റിൽ വെക്കുക. റിപ്പോർട്ട് സഭയിൽ വെക്കുന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ട്.
നേരത്തെ, ജെപിസി റിപ്പോർട്ട് ഉടൻ പാർലമെൻ്റിൽ വെയ്ക്കുമെന്ന് ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വാഭാവികമാണ്. എല്ലാവർക്കും അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനത്തിലാണ് റിപ്പോർട്ടെന്നും ജഗദാംബിക പാൽ വ്യക്തമാക്കിയിരുന്നു.