കാലിഫോര്‍ണിയ: ഇന്ത്യയിൽ നിന്നും രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെട്ട ശുഭാൻഷു ശുക്ലയുടെ ബഹിരാകാശയാത്ര ഈ വർഷം ജൂണിൽ നടക്കുമെന്നാണ് വിവരം. അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് ശുഭാൻഷുവിന്‍റെ യാത്ര. ഈ ദൗത്യത്തിന്‍റെ മിഷന്‍ പൈലറ്റാണ് ശുഭാൻഷു. ശുഭാൻഷു അടക്കം നാല് പേരെയാണ് ആക്സിയം-4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത്.
രണ്ടാഴ്ച സ്പേസ് സ്റ്റേഷനിൽ ചെലവഴിക്കാൻ സാധിക്കുന്നതിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാൻഷു ശുക്ല പറഞ്ഞിരുന്നു. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ (കമാന്‍ഡര്‍), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് മറ്റ് ദൗത്യസംഘാംഗങ്ങൾ. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്‍റെ ബാക്കപ്പ്.
ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആര്‍ഒ തിരഞ്ഞെടുത്ത നാല് പേരിൽ ശുഭാൻഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്ണൻ നായരുമുണ്ട്. ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം-4ല്‍ ശുഭാന്‍ഷു ശുക്ലയ്‌ക്ക് അവസരം ലഭിച്ചത്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍.



