ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. രാജ്യ തലസ്ഥാനത്തെയും ഡൽഹി സംസ്ഥാനത്തെയും ജനങ്ങൾക്ക് അഞ്ച് പ്രധാന വാഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ അംഗത്തിന് പ്രതിമാസം 2500 രൂപ നൽകുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കർണാടകയിൽ കോൺഗ്രസ് വിജയകരമായി നടപ്പിലാക്കി വരുന്നതാണ് ഈ വാഗ്ദാനം. രാജസ്ഥാനിൽ ആവിഷ്കരിച്ചതിന് സമാനമായ സൗജന്യ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് മറ്റൊന്ന്. എല്ലാ ഡൽഹി നിവാസികൾക്കും 25 ലക്ഷം രൂപവരെ വരുന്ന ആരോഗ്യ കവറേജാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് 8500 രൂപ പ്രതിമാസ സ്റ്റൈഫൻ്റോടെ ഒരുവർഷത്തെ അപ്രൻ്റിഷിപ്പ് പദ്ധതിയാണ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട മറ്റൊരു വാഗ്ദാനം.
അർഹരായ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യവൈദ്യുതി. സൗജന്യ റേഷൻ കിറ്റിനൊപ്പം സിലിണ്ടറിന് 500 രൂപ നിരക്കിൽ പാചതവാതകം എന്നിങ്ങനെയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. സർക്കാർ ജോലിയിൽ 33 ശതമാനം സ്ത്രീ സംവരണം, മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 5000 രൂപവീതം പ്രതിമാസ പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നുണ്ട്. ഷീലാ ദീക്ഷിതിൻ്റെ കാലഘട്ടത്തിലെ ഭരണസംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്നും സാമൂഹ്യക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനൊപ്പം ഡൽഹിയിലെ അധഃസ്ഥിതർക്ക് നേരിട്ട് സാമ്പത്തിക ആശ്വാസം നൽകാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രകടന പത്രിക പ്രകാശിപ്പിച്ചതിന് ശേഷം കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.



