കോട്ടയം: ജനാധിപത്യം ശക്തിപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ സത്യന്ധവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കണമെന്ന് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം. പി. പറഞ്ഞു. പഴയസെമിനാരിയില്‍ നടന്ന പ. മാത്യൂസ് ദ്വിതീയന്‍ ബാവ അനുസ്മരണ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെമിനാരി വൈസ് പ്രസിഡന്‍റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.’ മാധ്യമങ്ങളും മനുഷ്യാവകാശവും’ എന്ന വിഷയത്തില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. സി. സണ്ണി മുഖ്യ പ്രഭാഷണം നടത്തി. നിയമബോധനം ജനകീയമാക്കുന്നതിലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കുന്നതിലും മാധ്യമ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ അന്തസ്സിനെ തകര്‍ത്ത് സ്വകാര്യതയിലേക്കുള്ള സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം നിയമപരമായി നിയന്ത്രിക്കപ്പെടണം. വ്യാജ വാര്‍ത്തകളും വാര്‍ത്താ വക്രീകരണവും മാധ്യമങ്ങളില്‍ ക്രമാതീതമായി ശക്തിപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ബര്‍സാര്‍ ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ്,സെമിനാരി ഗവേണിങ്ങ് ബോർഡ് മെംബർ ഫാ. ഡോ. കോശി വൈദ്യന്‍, മാനേജിങ്ങ് കമ്മിറ്റി അംഗം അഡ്വ. ബിജു വര്‍ഗീസ്, ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.



