വൈദ്യുത വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ച ഉപഭോക്താക്കളുടെ ആശങ്കകൾക്ക് പരിഹാരം സൃഷ്ടിക്കുന്നതിനായി വഹന ചാർജിങ് സ്‌റ്റേഷനുകളുടെ ശൃംഖല നിർമ്മിക്കാൻ ഒരുങ്ങി നിർമാണ കമ്പനികൾ. ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിനായി ടെലികോം ടവർ നെറ്റ്‌വർക്ക് മാതൃകയിലായിരിക്കും ചാർജിങ് സ്‌റ്റേഷനുകളുടെ ശൃംഖല നിർമ്മിക്കുക. ടാറ്റ മോട്ടേർസ്, മാരുതി സുസൂക്കി, മഹിന്ദ്രാ ആൻറ് മഹീന്ദ്രാ തുടങ്ങിയ കമ്പനികൾ ഒരുമിച്ചാണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയിരിക്കുന്നത്. തുടക്കത്തിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട നൂറു നഗരങ്ങളിലായി ചാർജിങ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. പിന്നീട് ഇത് ആയിരം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പൊതു ചാർജിങ് സ്‌റ്റേഷനുകൾ എന്നതാണ് വാഹന നിർമാതാക്കളുടെ ലക്ഷ്യം. ടാറ്റാ മോട്ടേർസ് 250- നഗരങ്ങളിലെ ഡീലർ ഔട്ട്ലെറ്റുകളില്‍ ചാർജിങ് സ്റ്റേഷനുകള്‍ നിർമിച്ചിട്ടുണ്ട്. ഇത്തരം ശൃംഖലകൾ കമ്പനിയും വ്യാപിപ്പിക്കും. നിലവില്‍ 95% ഇലക്ട്രിക് വാഹന ഉപഭോക്തക്കളും വീട്ടിൽ തന്നെയാണ് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നത്. വൈദ്യുതി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ ആശങ്കയാണ് ചാർജ്ജിങ് സ്റ്റേഷനുകളുടെ ലഭ്യത കുറവ്. വിപണിയിൽ വെല്ലുവിളിയാവുന്ന ഈ പ്രശ്നം പരിഹരിക്കാൻ കമ്പനികൾ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ്.