9 രാജ്യങ്ങളുടെ പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരി 21,22 തീയതികളിലായി കൊച്ചിയിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.സമ്മിറ്റിൽ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മുന്നൊരുക്കങ്ങൾ നടത്തിയ നിക്ഷേപ സംഗമമാണ് നടക്കുന്നത്. 41ലധികം പരിപാടികൾ ഇൻവസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്നും ഇതിൽ 30ഓളം എണ്ണം ഇതിനോടകം പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
1000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെയും 500 മുതൽ 1000 കോടി രൂപവരെ നിക്ഷേപമുള്ള കമ്പനികളുടെയും പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപംകേരള നിയമസഭയിൽ ഗവർണർ ഇന്നവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ സംസ്ഥാനം സംഘടിപ്പിക്കാൻ പോകുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു മുഖ്യ വിഷയമായി പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 21,22 തീയതികളിലായി കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമെല്ലാം പങ്കെടുക്കും.
കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മുന്നൊരുക്കങ്ങൾ നടത്തിയ നിക്ഷേപ സംഗമം കൂടിയാണ് നടക്കാൻ പോകുന്നത്. 41ലധികം പരിപാടികൾ ഇൻവസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ 30ഓളം എണ്ണം ഇതിനോടകം പൂർത്തിയാക്കാനും ഞങ്ങൾക്ക് സാധിച്ചു. വിവിധ സെക്ടറൽ കോൺക്ലേവുകളും നാഷണൽ & ഇൻ്റർനാഷണൽ റോഡ്ഷോകളും ഉൾപ്പെടെ സംഘടിപ്പിച്ചു. ഒപ്പം 37 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത അംബാസിഡർമാരുടെ സമ്മേളനവും സംഘടിപ്പിച്ചു. 1000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെയും 500 മുതൽ 1000 കോടി രൂപവരെ നിക്ഷേപമുള്ള കമ്പനികളുടെയും പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. കേരളത്തിന് ഈസ് ഓഫ് ഡൂയിങ്ങ് ഇൻ്റക്സിൽ ഒന്നാം സ്ഥാനം ലഭിച്ച ഘട്ടത്തിലാണ് ഈ സമ്മിറ്റ് നടക്കുന്നത് എന്നതും നമുക്ക് വളരെ പ്രയോജനകരമാണ്.



