സാഹിത്യ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള സിസ്റ്റർ മേരി ബനീഞ്ജ അവാർഡിനു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസർ ജോസ് കെ. മാനുവൽ അർഹനായി. നോവൽ, ചെറുകഥ, തിരക്കഥ, സാഹിത്യ വിമർശനം എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രൊഫസർ ജോസ് കെ. മാനുവൽ 27 ഗ്രന്ഥങ്ങളും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിനിമയെക്കുറിച്ചുള്ള ഗ്രന്ഥത്തിനു 2003-ലും 2010-ലും ഫിലിം ക്രിട്ടിക്സിനു 2003-ലും 2005-ലും അവാർഡുകൾ നേടി. കൂടാതെ തകഴി കഥ അവാർഡ്, പൊൻകുന്നം വർക്കി ചെറുകഥ അവാർഡ്, കാവ്യവേദി നോവൽ അവാർഡ്, ജെ. സി. ഡാനിയൽ തിരക്കഥ അവാർഡ്, താമരത്തോണി സാഹിത്യ അവാർഡ്, തിരക്കഥ വിമർശനത്തിനുള്ള 2001-ലെ അവാർഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
ഫലകവും പ്രശസ്തി പത്രവും ക്യാഷ് അവാർഡുമടങ്ങുന്നതാണ് ബനീഞ്ജ അവാർഡ്. 2025 ഫെബ്രുവരി 26-നു ഇലഞ്ഞിയിൽ നടത്തുന്ന ബനീഞ്ജ സ്മാരകം ആശിർവാദ കർമ്മത്തോടനുബന്ധിച്ചു ചേരുന്ന ബനീഞ്ജ അനുസ്മരണ സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിക്കും.



