ഉപഭോക്താക്കൾക്ക് കിടിലൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ രസകരവും അനായാസവുമാക്കുന്നതിനുള്ള അടിപൊളി ഫീച്ചറുകളാണ് വാട്‌സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ പുതുവർഷത്തിൽ പുതിയ ഫീച്ചറുകളും ഡിസൈൻ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തൻ ക്യാമറ ഇഫക്ടുകളും, സെൽഫി സ്റ്റിക്കറുകളും, ഷെയർ എ സ്റ്റിക്കർ പാക്കും, ക്വിക്കർ റിയാക്ഷനുകളുമാണ് ഇതിലുള്ളതെന്നും’ മെറ്റ പറയുന്നു.
വാട്സ്ആപ്പിൽ വന്ന പുതിയ ഫീച്ചറുകൾ
ക്യാമറ ഇഫക്ടുകൾ: ഇഫക്ടുകൾ ഇഷ്ടപ്പെടാത്തവരായി ആരാണല്ലേ ഉള്ളത്. നിങ്ങൾ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോൾ ഇനി മുതൽ 30 ബാക്ക്‌ഗ്രൗണ്ടുകൾ ഉപയോഗിക്കാം. ഈ ഫിൽട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ തന്നെ മാറ്റും.
സെൽഫി സ്റ്റിക്കറുകൾ: സ്റ്റിക്കറുകളിലും വൻ മാറ്റമാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. ഇനി മുതൽ നിങ്ങൾക്ക് സെൽഫി ചിത്രങ്ങൾ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കർ എന്ന ഐക്കൺ തെരഞ്ഞെടുത്ത് അതിൽ കാണുന്ന ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്ത് സെൽഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.
ഷെയർ എ സ്റ്റിക്കർ പാക്ക്: ഇത് കുറച്ച് വ്യത്യസ്തമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്ന സ്റ്റിക്കർ പാക്കുകൾ കാണുകയാണെങ്കിൽ അവ ഇനി മുതൽ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.
ക്വിക്കർ റിയാക്ഷനുകൾ: നിങ്ങൾക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷൻ നൽകാനുള്ള ഓപ്ഷൻ നിലവിൽ വാട്സ്ആപ്പിലുണ്ട്. മെസേജിൽ ഡബിൾ ടാപ് ചെയ്താൽ ഇനി മുതൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച റിയാക്ഷനുകൾ സ്ക്രോൾ ചെയ്ത് കാണാൻ സാധിക്കും.



