ദോഹ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്ന ജനുവരി 20 അന്തിമ തീയതിയായി കരുതി ഖത്തറിലെ ദോഹയിൽ തിരക്കിട്ട വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണ്. ഗാസയിൽ വെടിനിർത്തലിനുള്ള കരാറിന്റെ അവസാന കരട് ഇസ്രയേലിനും ഹമാസിനും കൈമാറിയതായി മധ്യസ്ഥരായ ഖത്തർ അറിയിച്ചു. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കൂടി പങ്കെടുത്ത ചർച്ചകളിൽ ഞായറാഴ്ച അർധരാത്രിക്കുശേഷമാണ് നിർണായക വഴിത്തിരിവുണ്ടായത്.
വെടിനിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് പലതവണ വഴിമുട്ടിയ ചർച്ചകളിൽ വിറ്റ്കോഫിനെക്കൂടാതെ ഇസ്രയേൽ ചാര ഏജൻസികളുടെ മേധാവികളും ഹമാസ് പ്രതിനിധികളും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽതാനിയും ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അയച്ച ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രംപ് ഭരണമേൽക്കുമ്പോൾ അമേരിക്കൻ അംബാസഡറാകുന്ന വിറ്റ്കോഫ് ഇസ്രയേൽ പ്രതിനിധികളെ അനുനയിപ്പിച്ചപ്പോൾ, ഹമാസ് സംഘത്തോടു സംസാരിച്ചത് ഖത്തർ പ്രധാനമന്ത്രിയാണ്. ബൈഡൻ ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഏതാനും മണിക്കൂറിനുള്ളിൽ അന്തിമതീരുമാനമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ചർച്ചയിൽ പുരോഗതിയുള്ളതായി ഇസ്രയേലും ഹമാസും നേരത്തേ സൂചിപ്പിച്ചിരുന്നു.



