തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ പൈതൃകകോണ്‍ഗ്രസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജിന്റെ നേതൃത്വത്തിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. വി.വി. കെ.വാലത്ത് സ്മാരക പുരസ്‌കാരം പ്രശസ്ത ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രനും ഭാഷാപൈതൃക പുരസ്‌കാരം പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയ്ക്കും പൈതൃക സംരക്ഷണ പുരസ്‌കാരം സേതു വിശ്വനാഥനും ലഭിക്കും.
ഡോ. എം. ജി. ശശിഭൂഷണ്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പ്രതാപന്‍ കിഴക്കേമഠം, ഗീതാമധു, പ്രസാദ് നാരായണന്‍ എന്നിവരടങ്ങുന്ന ജ്യൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പടിഞ്ഞാറേക്കോട്ട തഞ്ചാവൂര്‍ അമ്മ വീട്ടില്‍ ശനിയാഴ്ച രാവിലെ 9.30-ന് നടക്കുന്ന പൈതൃക കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ജി.ആര്‍.അനില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.



