കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കടുത്തുരുത്തി – പിറവം റോഡ്, കീഴൂർ- അറുനൂറ്റിമംഗലം – ഞീഴൂർ റോഡ് , മുട്ടുചിറ – വാലാച്ചിറ – എഴു മാന്തുരുത്ത് – വടയാർ റോഡ്, മൂളക്കുളം – വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡ് എന്നിവയിലൂടെ യാത്ര ചെയ്യാൻ കഴിയാതെ റോഡ് തകർന്ന് കിടന്നിട്ടും റോഡ് പുനരുദ്ധാരണത്തിന് ഭരണാനുമതി നൽകാൻ ഇതുവരെയും നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജനുവരി 10ന് കടുത്തുരുത്തിയിൽ ജനകീയ മാർച്ച് പ്രതിഷേധക്കൂട്ടായ്മയും നടത്തുമെന്ന് പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ അറിയിച്ചു.
ജനുവരി 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗം കടുത്തുരുത്തി എംഎൽഎ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്. 4 മണിക്ക് ആരംഭിക്കുന്ന ജനകീയ മാർച്ച് ടൗൺ ചുറ്റി പ്രകടനം നടത്തിയ ശേഷം മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പൺ സ്റ്റേജിൽ പ്രതിഷേധ കൂട്ടായ്മയും വിശദീകരണ സമ്മേളനവും നടത്തുന്നതാണ്. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻ സ് ജോസഫ് എംഎൽഎ സമരപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
കേരള വാട്ടർ അതോറിറ്റിക്ക് പൈപ്പിടുന്നതിന് വിട്ടുകൊടുത്തിട്ടുള്ള കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം വരെയുള്ള റോഡ് റീച്ചിന്റെ റീടാറിങ് നടത്തി പുനരുദ്ധരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഫയലും അറുനൂറ്റിമംഗലം – ഞീഴൂർ റോഡിന്റെ റീടാറിംഗ് നടത്തി പുനരുദ്ധരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഫയലും ആറുമാസം കഴിഞ്ഞിട്ടും അനുകൂല അനുമതി നൽകാൻ തയ്യാറാകാത്ത സർക്കാറിന്റെ അനാസ്ഥയിൽ കേരള കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ ഫണ്ട് നൽകാതെ വന്നതുമൂലം മുടങ്ങിപ്പോയ പെരുവ – പെരുവാമുഴി റോഡിന്റെയും മുട്ടുചിറ – വാലാച്ചിറ – എഴുമാന്തുരുത്ത് വടയാർ റോഡിന്റെയും മുളക്കുളം – വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനോ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാനോ സംസ്ഥാന സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച റോഡ് നിർമ്മാണം പോലും തൃപ്തികരമായി മുന്നോട്ടു കൊണ്ടു പോകാനോ സമയബന്ധിതമായി പൂർത്തീകരിക്കാനോ കഴിയാത്തത് എൽഡിഎഫ് സർക്കാരിന്റെ ഭരണ പരാജയത്തിന്റെയും കെടു കാര്യസ്ഥതയുടെയും തെളിവാണ്. സർക്കാരിന്റെ വീഴ്ച മൂലം കഷ്ടത അനുഭവിക്കുന്നത് നാട്ടിലെ ജനങ്ങളാണ്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കടുത്തുരുത്തി – പിറവം – വൈക്കം അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകൾ തകർന്നുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് സബ്മിഷൻ അവതരിപ്പിച്ചിരുന്നതാണ്. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് – ജലസേചന വകുപ്പ് മന്ത്രിമാർക്ക് കഴിയാതെ പോയതാണ് റോഡ് നന്നാകാൻ കഴിയാതെ കാലതാമസം ഉണ്ടാക്കിയതെന്ന് കേരള കോൺഗ്രസ് കുറ്റപ്പെടുത്തി.